Wednesday, March 18, 2009

പന്തളത്തു താമസ്സിച്ചുവെങ്കിലും

പത്തു വര്‍ഷക്കാലം പന്തളത്തു താമസ്സിച്ചുവെങ്കിലും
പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തവും കൊളുത്തി പട
എന്നതിന്‍റെ പിന്നിലെ ചരിത്രം മനസ്സിലാക്കന്‍ കഴിഞ്ഞിരുന്നില്ല.
പലരോടും അന്ന്വേഷിച്ചു .
ആര്‍ക്കും അറിയില്ല.
പുതു തലമുറയില്‍ ചിലര്‍ കലാഭവന്‍ മണിയുടെ പാരഡി
"പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്‍റെ പാട്ടു കച്ചേരി"
എന്നതു മാത്രമേ കേട്ടിട്ടു പോലുമുള്ളു.

എന്നാല്‍ ഡോ.പി.സേതുനാഥിന്‍റെ
മലയാളപ്പഴമ(കറന്‍റ്‌ ബുക്സ് 2004)പേജ് 69 വായിച്ചതോടെ ചരിത്രം
പിടികിട്ടി.

മലയാളശൈലികള്‍ വിശദമായി പഠിച്ചു
ശൈലീപ്രദീപം എന്ന പ്രശസ്ത ഗ്രന്ഥം രചിച്ച
വടക്കംകൂര്‍ പോലും ഈ ചരിത്രം എഴുതിയില്ല.
എന്നു മാത്രമല്ല,
"പന്തളത്തിനു പകരം
പനങ്ങാട് എന്നു പാഠഭേദം ഉണ്ട് "
എന്നും പറഞ്ഞ്‌ അദ്ദേഹം പന്തളത്തിന്‍റെ പ്രാധാന്യം
കുറയ്ക്കയും ചെയ്തു.

വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ
ഓച്ചിറപ്പടനിലത്തും പത്തിയൂരും
കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി
പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം.
നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍
കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി
ഇറവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി
പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി.

അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു?

ആറുമുഖം പിള്ള എന്ന പടനായകന്‍റെ നേതൃത്വത്തില്‍ വേണാട്ടുപട
പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പന്തളത്തെ
നായര്‍ പടയോടേറ്റുമുട്ടുന്നു.

ഒരേ സമയം കായംകുളവും പന്തളവും പിടിച്ചടക്കയായിരുന്നു
സൂത്രശാലിയായിരുന്ന രാമായ്യന്‍റെ തന്ത്രം.
അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല്
കായംകുളം വാളിനോടൊപ്പം കിട്ടി.

നന്ദി, ഡോ.സേതുനാഥ്.
രസകരമായി വായിച്ചു പോകാവുന്ന പുസ്തകം.

പലമലയാളപദങ്ങളുടേയും സ്ഥലനാമങ്ങളുടേയും
ചരിത്രം ഇതില്‍ വായിക്കാം.
ഈ.വി യുടെ മുഴുവന്‍ പേര്‍-
കുന്നത്തൂര്‍ ഇഞ്ചക്കാട്ട് പുത്തന്‍ വീട്ടില്‍ കണക്കു നാരായണന്‍ കൃഷ്ണന്‍
എന്നായിരുന്നു;
കോള്‍ ടു പത്തനാപുരം കാട്ടുപത്തനാപുരം ആയ കഥ
അഞ്ചല്‍ എന്ന സ്ഥലപ്പേരിന്‍റെ പിന്നിലെ ചരിത്രം ,
കുറ്റച്ചക്കോണം കേശവദാസപുരം ആയ കഥ,
ഈ.വി.കൃതികളെ ഈ.വികൃതികള്‍ ആക്കിയ കഥ
എന്നിവ ഇതില്‍ വായിക്കാം.

തിരുവിതാംകൂറിലെ പഴയ രാജപാത
തിരുവനന്തപുരം-കൊല്ലം-കാ​‍യംകുളം
-മുത്തൂര്‍(തിരുവല്ല)-നാലുകോടി,
തൃക്കൊടിത്താനം-തെങ്ങണ-
മണര്‍കാട്-ഏറ്റുമാനൂര്‍-കടുത്തുരുത്തി ആയിരുന്നു.
തൃക്കൊടിത്താനം അമ്പലത്തറ വരെ കടല്‍.

പെരുന്ന പെരും നെയ്തല്‍ എന്ന കടല്‍ത്തീരം ആയിരുന്നു.
വേമ്പന്‍ എന്ന പാണ്ഡ്യരാജാവില്‍ നിന്നുമാണ് വേമ്പനാടു കായലിനു പേരു കിട്ടിയത്.
ഇടനേരം എന്നു പറഞ്ഞാല്‍ ഉച്ചക്കും വൈകുന്നേരത്തിനും ഇടക്കുള്ള സമയം.
ഇന്തുപ്പ് സിന്‍ഡില്‍ നിന്നും വരുന്ന സിന്തുപ്പ് കല്ലുപ്പാണ്.
കേരളത്തില്‍ ആദ്യം വാട്ടര്‍ സപ്ലൈ തുടങ്ങിയ സ്ഥലമാണു കല്‍പ്പാത്തി
തുടങ്ങിയ വിവരങ്ങളും ഈ പുസ്തകത്തില്‍ നിന്നു കിട്ടും.

സി.പി.മരച്ചീനി കൃഷിക്കായി വങ്ങിയ കവടിയാറിലെ മരച്ചീനിവിള
(ഇപ്പോഴത്തെ ജവഹര്‍നഗര്‍)
സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേരായ ഗണപതിവട്ടം
തുടങ്ങിയവ ഡോ.സേതുനാഥ് കാണാതെ പോയി.

No comments: