Thursday, January 27, 2011
ശങ്കരനാരായണം-ഒരാസ്വാദനം
ശങ്കരനാരായണം-ഒരാസ്വാദനം
ചിറക്കടവു മഹാദേവ ക്ഷേത്രത്തില്‍ മകരമാസത്തില്‍ നടക്കുന്ന തിരുവുല്‍സവത്തിന് ദേശവാസികള്‍
ഒരു ദിവസത്തെ വരുമാനം കാണിക്കയായി അര്‍പ്പിക്കയാണു പതിവ്.ഇത്തവണ രസീതിനോടൊപ്പം
അതിമനോഹരമായ ഒരു പ്രസിദ്ധീകരണം -ശങ്കരനാരായണം-തികച്ചും സൗജന്യമായി നല്‍കപ്പെട്ടു.
ശിവ ഭക്തരെ മാത്രമല്ല,സര്‍വ്വ ചിറക്കടവുകാരേയും വിശിഷ്യാ ചരിത്രപ്രേമികളേയും കലാപ്രേമികളേയും
ആനന്ദിപ്പിക്കയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രസിദ്ധീകരണം ആണെന്നതില്‍ തര്‍ക്കമില്ല.
ചിറക്കടവു മഹാദേവന്‍,തിരു നീലകണ്ഠന്‍,കൂവത്താഴെ മഹാദേവന്‍ എന്നൊക്കെ അറിയപ്പെടുന്ന ചിറക്കടവുകാരുടെ ആരാധനാമൂര്‍ത്തി
ശങ്കര നാരായണന്‍ ആണെന്നറിയാവുന്നവര്‍ ചിറക്കടവില്‍ തന്നെ വിരളം.എരുമേലി പേട്ട തുള്ളലിനെ കുറിച്ചു
വിശദമായി പഠനം നടത്തി ഒരു സചിത്രഗ്രന്ഥം 35 വര്‍ഷം മുമ്പു തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും
ചിറക്കടവുകാര്‍ എരുമേലിയില്‍ പേട്ട തുള്ളാതെ ശബരിമല ദര്‍ശനം നടത്താന്‍ കാരണം ശങ്കര നാരായണന്റെ
പ്രജകള്‍ ആയതിനാലാണെന്നറിയുന്നത് ഹരി നാരായണന്‍ നമ്പൂതിരി ഇതില്‍ എഴുതിയ ലേഖനം വായിച്ചപ്പോഴാണ്.
ഗണപതിഭക്തനായ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയാണ് ഗണപതി കുറിപ്പു നടത്തിയിരിക്കുന്നത്.ശങ്കരനാരായണ മൂര്‍ത്തി
സങ്കല്‍പ്പം,മാഹാത്മ്യം, ധ്യാനശ്ലോകം എന്നിവ ഹരി നാരായണന്‍ നമ്പൂതിരി വിവരിക്കുന്നു.പുന്നാമ്പറമ്പു കുടുംബം 1978ല്‍
നടയ്ക്കു വയ്ച്ച തിരുനീലകണ്ഠനെക്കുറിച്ചു ചിത്രസഹിതം വിവരം നല്‍കിയിരിക്കുന്നു.
എഡിറ്റര്‍ ചിറക്കടവു രാജേന്ദ്രന്‍ ക്ഷേത്രത്തിലേക്കു നടത്തുന്ന വിവരണാത്മക തീര്‍ത്ഥാടനമാണ് തുടര്‍ന്ന്‍.ഒപ്പം ചിറക്കടവിന്റെ
ഒരു സംക്ഷിപ്ത വിവരണവും.
ചിറക്കടവ്-ചേനപ്പാടി-പെരുവന്താനം പ്രദേശങ്ങളുടേയും അവിടെയുള്ള ക്ഷേത്രങ്ങളുടേയും അധിപര്‍ ആയിരുന്ന വഞ്ഞിപ്പുഴമഠത്തെക്കുറിച്ചു വിവരം അറിയാവുന്നവര്‍ ഇന്നു വിവരം.അമേരിക്കയില്‍ സ്ഥിരതാമസ്സമാക്കിയ ഇപ്പോഴത്തെ കാരണവര്‍വി.മോഹന്‍ ദാസ് എഴുതിയ സചിത്ര ലേഖനം ചരിത്രപരമായി നോക്കിയാല്‍ ഏറെ വിലപ്പെട്ടതാണ്.ഈ ലേഖനം സമ്പാദിച്ചചീഫ് എഡിറ്റര്‍ പ്രത്യേക അനുമോദനം അര്‍ഹിക്കുന്നു.ഒന്നും രണ്ടും ഉഴുത്തിരരുടെ ഫോട്ടോകളും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.
മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി നെയ്യാട്ടം തുടങ്ങിയ ആട്ടവിശേഷങ്ങള്‍ വിവരിക്കുന്നു.കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്ര സങ്കല്‍പം വിവരിക്കുന്നു.
മഹാക്ഷേത്രത്തിലെ ആയിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള ദാരു ശില്‍പങ്ങളെ വിശദമായി വിവരിക്കുന്ന സചിത്രലേഖനം
പ്രത്യേക പരാമര്‍ശം അര്‍ഹ്ഹിക്കുന്നു.മംഗലശ്ശേരി എം.എന്‍.ഭാസ്കരന്‍ പിള്ളയാണ് ഈ ലേഖനം തയ്യാറാക്കിയത്.
ചിറക്കടവിലെ കുടുംബക്ഷേത്രങ്ങളുടെ സചിത്രവിവരണം ആണ് മറ്റൊരു പ്രധാന ലേഖനം.
അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉൽഭവം എന്നു പറയപ്പെടുന്നു.ചിറക്കടവിലെ ഉല്‍സവത്തിനരങ്ങേറുന്ന
തിരുമുമ്പില്‍ വേല തികച്ചും വ്യത്യസ്ഥമത്രേ.വഞ്ഞിപൂഴ ചീഫ് വരുമ്പോളുള്ള സ്വീകരണം ആണത്രേ വേലകളി.
വടക്കും ഭാഗം,തെക്കുംഭാഗം എന്നിങ്ങനെ രണ്ടു സംഘങ്ങളുടെ വേലകളി ഇവിടെ അരങ്ങേറുന്നു.വേലകളിയെ
കുറിച്ചു ഒരാധികാര ഗ്രന്ഥം രചിച്ചിട്ടുള്ള ഇരിക്കാട്ട് ഏ.ആര്‍.കുട്ടപ്പന്‍ നായര്‍ ആണ് വടക്കുംഭാഗം ആശാന്‍.
കെ.എസ്സ്.കൃഷ്ണപിള്ള എന്ന അപ്പു ആശാനാണ് തെക്കുംഭാഗം ആശാന്‍.ഇരുവരും ലേഖനങ്ങള്‍ എഴുതിയിരിക്കുന്നു.
ധ്വജം,കൊടിയേറ്റം എന്നിവയ്ക്ക് അവകാശമുള്ള ചിറ്റടി കുടുംബത്തിലെഖ് ബാബു പ്രസ്തുത ചരിത്രം വിവരിക്കുന്നു.
1084 മകരം 22 നു വാാഴപ്പള്ളി തോട്ടത്തില്‍ എന്‍.നീലകണ്ഠന്‍ ചാമിയാല്‍ വാര്‍ക്കപ്പെട്ടതാണ് 44 തുലാം
51/4 പലം ഓടില്‍ വാര്‍ക്കപ്പെട്ട ധ്വജം. ഈ വിവരവും ചിറ്റടി പിള്ളമാര്‍ വക എന്നും കൊടിമരച്ചുവട്ടില്‍ രേഖപ്പെടുത്ത
പെട്ടിരിക്കുന്നു.പള്ളി വേട്ടനാളിലെ ചടങ്ങുകള്‍ കല്ലൂര്‍ടൗണ്ണിക്കൃഷ്ണന്‍ നായര്‍ വിവരിക്കുന്നു. നായാട്ടു വിളി കൂടി
പൂര്‍ണ്ണരൂപത്തില്‍ കൊടുക്കാമായിരുന്നു.അതു ചെയ്തു കണ്ടില്ല.പൊങ്കുന്നത്തു കാവു.ചെറുവള്ളി ക്ഷേത്രം,മണക്കാട്ട്
ദേവീ ക്ഷേത്രം എന്നിവയെകുറിച്ചേം.ആര്‍.രാജഗോപാല്‍,രതീഷ് ചന്ദ്രന്‍,സി.എസ്സ്.മുരളീധരന്‍ പിള്ള എന്നിവര്‍
എഴുതുന്നു.1980- 1998 കാലത്ത് അമ്പലപരിസരത്തു വിഹരിച്ചിരുന്ന മണികണ്ഠന്‍ എന്ന കാളകൂറ്റനും ഇതില്‍
പ്രത്യക്ഷപ്പെടുന്നു.ചിറക്കടവിനു കോത്താഴം എന്നു പരിഹാസപ്പേരു വരാന്‍ കാരണം ഇവിടെ നിര്‍മ്മിക്കപ്പെട്ടിരുന്ന
കോല്‍ താഴ് ആണെന്നു പരയുന്നവര്‍ ഉണ്ട്.കൂവത്താഴെ മഹാദേവനില്‍ നിന്നാണു കോത്താഴം ഉണ്ടായതെന്നു
മറ്റൊരു മതം.കൂവപ്പള്ളി മലയിലേക്കു സന്യാസത്തിനു പോയ കൂപ മഹര്‍ഷി ഇരുന്നസ്ഥലം കോത്താഴം ആയി
എന്നു പറയുന്നവരും ഏറെ.കാഞ്ഞിരപ്പള്ളിയിലെ പ്രസിദ്ധമായ എഞ്ചിനീയറിങ് കോളേജ് ഇരിക്കുന്ന സ്ഥലം
കൂവപ്പള്ളി എന്നറിയപ്പെടുന്നത് കൂപ മഹര്‍ഷി പോയി തപസ്സിരുന്നതിനാലാണത്രേ.മഹര്‍ഷിയുടെ സ്മരണയ്ക്കായി
കിഴക്കോട്ട് ഹവിസ്സ് തൂകപ്പെടുന്ന കാര്യം രാജേന്ദ്രന്‍ തന്റെ ലേഖനത്തില്‍ എടുത്തു പറയുന്നു.
ആര്‍ട്ടിസ്റ്റ് ശിവറാം വരച്ച ശിവപാര്‍വ്വതി ചിത്രം ശങ്കരനാരായണത്തിനു മോടി കൂട്ടുന്നു. വിദ്വാന്‍.ഏ.പി.കരുണാകരന്‍
നായര്‍ എന്ന വിദ്വാന്‍ സാര്‍(നമ്മുടെ കഥ)വി.സി.അനില്‍(ചുവര്‍ ചിത്രകല)മുളവേലില്‍ സോമശേഖരപിള്ള(ക്ഷേത്ര
പുനരുദ്ധാരണം)കെ.ആര്‍.അജിത്(ആ പഴയകാലം)കെ.ലാല്‍(ഉല്‍സവപിറ്റേന്ന്‍) ഡോ.കെ.ബാലകൃഷ്ണവാര്യര്‍(ആതമവിവേചനം)
എന്നിവയാണ് മറ്റു ലേഖനങ്ങള്‍.എല്ലാം ഒന്നിനൊന്നു മെച്ചം.
പഴയ തെക്കും കൂറിലെ ക്ഷേത്രങ്ങളില്‍ നല്ല പങ്കും ശൈവാരാധനാലയങ്ങള്‍ ആണെന്നു കാണാം.
ശിവന്‍,ദേവി,മുരുകന്‍,ഗണപതി എന്നിങ്ങനെ.വൈഷ്ണവക്ഷേത്രങ്ങള്‍ വിരളം. കാഞ്ഞിരപ്പള്ളിയിലെ
രണ്ടു ഗണപതി കോവിലുകള്‍,തെക്കുംകൂറായിരുന്നു മാവേലിനാട് എന്നു തെളിയിക്കുന്ന പ്രാചീന
ശിലാരേഖ(മാവേലിശാസനം) ഇന്നും കാത്തു സൂക്ഷിക്കുന്ന കാഞ്ഞിരപ്പള്ളിയിലെ മധുര മീനാക്ഷി
ക്ഷേത്രം ഇവയൊക്കെയാണ് ഈ പ്രദേശത്തെ അതിപ്രാചീന ക്ഷേത്രങ്ങള്‍.തിമിഴ്നാട്ടിലെ കുംഭകോണം,
തെങ്കാശി,മധുര,കാവേരി പൂമ്പട്ടണം എന്നീ സ്ഥലങ്ങളില്‍ നിന്നും സഹ്യസാനുക്കളിലേക്കു കൃഷിയ്ക്കും
കച്ചവടത്തിനുമായി കുടിയേറിയ ശൈവരായ വൈശ്യര്‍
ആയിരുന്നു ഈ പ്രദേശങ്ങളിലെ ആദ്യ താമസ്സക്കാര്‍
എന്ന വസ്തുത അടിവരയിട്ടുറപ്പിക്കാന്‍ ഈ ശൈവക്ഷേത്ര ബാഹുല്യം സഹായിക്കുന്നു.അയ്യന്‍ എന്ന അയ്യപ്പനും
അവരുടെ ആരാധനാമൂര്‍ത്തി ആയിരുന്നു.സഹ്യസാനുക്കളില്‍ അഞ്ചു അയ്യപ്പക്ഷേത്രങ്ങള്‍ അവരാണ്
നിര്‍മ്മിച്ചത്.
ചരിത്രകാരന്മാരേയും സാമൂഹ്യ ശാസ്ത്രജ്ഞരേയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു പ്രത്യേകത ഈ പ്രദേശങ്ങളുടേയും
ഇവിടത്തെ ക്ഷേത്രങ്ങളുടേയും പരമാധികളായിരുന്ന ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ മഠത്തിനു നേരിടേണ്ടി വന്ന
വന്‍ വീഴ്ചയാണ്.രാമയ്യന്(മാര്‍ത്താണ്ഡവര്‍മ്മ എന്നും പാഠഭേദം) ഒളിവില്‍ താമസ്സിച്ച് തെക്കും കൂര്‍ പിടിച്ചടയ്ക്കാന്‍
സഹായം നല്‍കിയതിനു പ്രത്യുപകാരമായി വഞ്ഞിപ്പുഴ മഠത്തിനു കരമൊഴിവായി നല്‍കപ്പെട്ട താണ് ഫലഭുയിഷ്ഠമായ
ചിറക്കടവു-ചേനപ്പാടി- പെരുവന്താനം പ്രദേശങ്ങള്‍. പക്ഷേ ഇപ്പോള്‍ അവരുടെ കൈവശം കേരളത്തില്‍ ഒരു സെന്റ്
ഭൂമി പോലുമില്ല.സാഹിത്യവാസനയുള്ള ചരിത്രപ്രേമികള്‍ക്ക് ഒരു ചരിത്ര നോവല്‍ രചിക്കാവുന്ന വിഷയം.തമിഴ്നാട്ടില്‍
നിന്നും വേണാട്ടിലേക്കു കുടിയേറിയ കൃഷീവലരായ വെള്ളാളരുടെ കഥ അതിജീവനം എന്ന പേരില്‍ ചരിത്രാഖ്യായിക
ആയി രചിച്ച ഏറ്റുമാനൂര്‍ സോമദാസന്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നാശിക്കാം.
പൊന്‍ കുന്നത്തു പ്രവര്‍ത്തനം ആരംഭിച്ച ത്രീജി ക്രീയേറ്റീവ്സ് & ദേവ് പ്രൊഡക്ഷന്‍സ്
എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ
രാജേന്ദ്രന്‍ ചിറക്കടവ്
( ചീഫ് എഡിറ്റര്‍,)
കെ.എസ്സ്.രാജേഷ് (ക്രീയേറ്റീവ് എഡിറ്റര്‍) ,കെ.ആര്‍.അജിത്(ജനറല്‍ എഡിറ്റര്‍) എന്നിവരുടെ
കൂട്ടായ്മയില്‍ പിറന്ന ആദ്യകനി ആണ് ശങ്കരനാരായണം എന്ന ശ്രീമഹാദേവന്റെ ഈ വരപ്രസാദം
100 രൂപാ എങ്കിലും വില വാങ്ങാവുന്ന ഈ കന്നി പ്രസിദ്ധീകരണം സൗജന്യമായി കിട്ടും.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
മൊബൈല്‍ 9447475810
ഈമെയില്‍ rajendradevan@gmail.com
Subscribe to:
Post Comments (Atom)
No comments:
Post a Comment