Monday, June 14, 2010


പടിപ്പുര
 


കൊട്ടിയമ്പലം എന്നും വിളിക്കപ്പെട്ടിരുന്ന പടിപ്പുര
കേരളീയ വാസ്തുശില്പമാതൃകയിലെ ഒരപൂർവ്വതയത്രേ.
വീടിൻ റെ പടിക്കലുള്ള പുര,
കാവൽക്കാരനുള്ള പുര
എന്നൊക്കെയാണ്‌ പടിപ്പുരയുടെ അർത്ഥം.
സന്ദർശകർ വാതിലിൽ കൊട്ടി അറിയിക്കുന്ന പതിവുണ്ടായിരുന്ന
കാലത്ത് ഇവ കൊട്ടിയമ്പലം എന്നറിയപ്പെട്ടു.
കെട്ടിലമ്മ പോയാൽ കൊട്ടിയമ്പലം വരെ എന്നൊരു ചൊല്ലും പണ്ടുണ്ടായിരുന്നു.

പുരയേക്കാൾ വലിയ പടിപ്പുര
പടിപ്പുര വിറ്റാൽ പഞ്ഞം തീരുമോ
ഇരിപ്പടം കെട്ടിയിട്ടു വേണം പടിപ്പുര കെട്ടാൻ
എന്നീ ചൊല്ലുകളും പ്രസിദ്ധം.സി.വിയുടെ ആഖ്യായികകളിലും
ഇന്ദുലേഖയിലും ശാരദയിലും മാത്രമല്ല, വെണ്മണിക്കവിതകളിലും
നമ്പ്യാർ തുള്ളലുകളിലും പടിപ്പുരകൾ അവതരിക്കപ്പെട്ടിരുന്നു.
പ്രഭുകുടുംബങ്ങളിൽ വെറും പടിപ്പുരകൾ ആയിരുന്നില്ല,പടിപ്പുര
മാളികകൾ ആയിരുന്നു ഉണ്ടായിരുന്നത്.മുറികളും മച്ചും അറയും
മറ്റും അവയ്ക്കും ഉണ്ടായിരുന്നു. ആനയ്ക്കും ചുമടുകൾക്കും
കടക്കാൻ അല്പം മാറി തുറന്ന വാതിലും അക്കാലത്ത് നിർമ്മിക്കപ്പെട്ടിരുന്നു.
അകത്തേക്കു വിളിക്കേണ്ടുന്നവ്രേയും അല്ലാത്തവരേയും വേർതിരിക്കാൻ
പടിപ്പുര ഉപകരിച്ചിരുന്നു.സ്ത്രീകൾക്കു തനിച്ചു പടിപ്പുരവരെ മാത്രമേ
പോകാൻ അനുവാദം നൽകിയിരുന്നുള്ളു.
Posted by Picasa

തടി കൊണ്ടു നിർമ്മിച്ച്‌, തെങ്ങോലയോ പനയോലയോ
കൊണ്ടു മേഞ്ഞ പടിപ്പുരകൾ ആയിരുന്നു ഒരുകാലത്ത് .
പിന്നീട് വെട്ടുകല്ലു കൊണ്ടുനിർമ്മിച്ച് ഓടു മേഞ്ഞ പടിപ്പുരകളായി.
ഒരു കാലത്ത് മിക്കവയും ജീണ്ണിച്ചു നശിച്ചു.അവ പാടെ അപ്രത്യക്ഷമായി.
കുറെക്കാലമായി അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു.ഇഷ്ടികയിൽ
നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തവയാണു മിക്കവയും.തടിയിൽ
പണിത്‌ ഓടു മേഞ്ഞവയും അപൂർവ്വമായി കാണാം.
വാസ്തുവിദ്യ അനുസ്സരിച്ച് വേണം പടിപ്പുര കെട്ടാൻ.വീട്ടിൽ നിന്നും
നിശ്ചിത അകലത്തിൽ വേണം പടിപ്പുര.
കൂടുതലറിയാൻ
പുനർജ്ജനിക്കുന്ന പടിപ്പുരകൾ-മുരളീധരൻ തഴക്കര,സാഹിത്യപോഷിണി ഡിസംബർ 2005
പടിപ്പുരമാഹത്മ്യം-നിധി റിജോ,എന്റെ ഭവനം കലാകൗമുദി മാർച് 2010

No comments: