Friday, December 25, 2009

വാഴൂര്‍ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം

 
Posted by Picasa


വാഴൂര്‍ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം

കോട്ടയം ജില്ലയിലെ പ്രാചീന ശാസ്താക്ഷേത്രങ്ങളില്‍
ഒന്നാണ് വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്ത്രാക്ഷേത്രം.
എന്‍ എച്ച് 220 ലെ കൊടുങ്ങൂരില്‍ നിന്നും ശാസ്താംകാവ്
റോഡിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടെത്താം.
പുരാതനകാലത്ത് ഒരു ബ്രാഹ്മണന്‍റെ ഉടമയിലിരുന്ന ക്ഷേത്രം
പിന്നീട് വഞ്ഞിപ്പുഴ ചീഫിന്‍റെ കൈവശമായി.പില്‍ക്കാലത്ത്
നാലു കരയോഗങ്ങളുടെ വകയായി.1984 മുതല്‍ ദേവസ്വം
ബോര്‍ഡുവകയായി.

ശബരിമലയില്‍ എന്ന പോലെ കിരീടധാരിയായി ഉണര്‍ന്ന്‍
സന്തോഷത്തോടെ കൗമാരഭാവത്തില്‍ സ്ഥിതിചെയ്യുന്ന
ശാസ്താപ്രതിഷ്ഠയാണിവിടെ.തുല്യപ്രാധാന്യത്തോ
ടെ മഹാദേവനും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ ഗണപതിയും ഭുവനേശ്വരിയും.ശിവലിംഗത്തിന്‍റെ
മുകള്‍ഭാഗത്തിനു ശൈവഭാവവും അതിനു താഴെ വൈഷ്ണവ
ഭാവവും ആധാരമായി ബ്രഹ്മഭാവവും നല്‍കിയിരിക്കുന്നു.
ക്ഷേത്രത്തിനു സമീപം വാഴൂര്‍ വലിയതോട്ടിലെ ശാന്തിഘട്ട്
കര്‍ക്കൈടകവാവിന്‍ ദിനം പിതൃതര്‍പ്പണത്തിനു പ്രസിദ്ധമാണ്

Sunday, December 20, 2009

KING GEORGEV CORONATION MEMORIAL


 
Posted by Picasa

നൂറു തികയുന്ന ജോര്‍ജ് അഞ്ചാമന്‍ സ്മാരകം

ബ്രിട്ടീഷ് ചക്രവര്‍ത്തി അഥവാ ചക്രവത്തിനി യുടെ സ്മാരകങ്ങള്‍
നമ്മുടെ നാട്ടില്‍ പലയിടത്തും ഇന്നും നിലനില്‍ക്കുന്നു.1896 ജൂലൈ
25 ന് ശ്രീമൂലം തിരുനാള്‍ തുറന്നു കൊടുത്ത വി.ജെ.ടി ഹാള്‍
തിരുവനന്തപുരത്ത് ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.തിരുവിതാം
കൂറിനെ വികസനത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ച
സര്‍ സി.പി,അമ്മമഹാറാണി എന്നിവരുടെ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടെങ്കിലും
വി.ജെ.ടി ഹാളും പേരിലെ വിക്ടോറിയായും ഇന്നും നിലനില്‍ക്കുന്നു.

തൊട്ടടുത്ത് ,ഇപ്പോഴത്തെ ഏ.ജീസ് ഓഫീസ് കോമ്പൗണ്ടില്‍ ജനിച്ച്
ലോകപ്രസിദ്ധ സ്വാതന്ത്ര്യപോരാളി ആയി മാറിയ,ബ്രിട്ടനെ വിറകൊള്ളിച്ച
ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഈ ഹാളിനു നല്‍കേണ്ടതാണെങ്കിലും
അതിനു വേണ്ടി വാദിക്കാന്‍ ആരുമില്ല.

1910 ല്‍ സ്ഥാനാരോഹണം ചെയ്ത ജോര്‍ജ് അഞ്ചാമന്‍ 1911 ല്‍ ഡല്‍ഹിയില്‍
എത്തി ഡര്‍ബാര്‍ കൂടി.അതിന്‍റെ സ്മാരകമായി 1924 ല്‍ മുംബൈയില്‍ ഗേറ്റ് വേ
ഉണ്ടായി.അതിനു മുമ്പ് 1921 ല്‍ ഇന്ത്യാഗേറ്റ് ഉണ്ടായി.അതില്‍ ജോര്‍ജ് അഞ്ചാമന്‍റെ
പ്രതിമ സ്ഥാപിക്കപ്പെട്ടു.സി.എസ്സ് ജാഗര്‍ നിര്‍മ്മിച്ച ഈ പ്രതിമ 1947 ല്‍ സ്വാതന്ത്ര്യം
കിട്ടിയപ്പോള്‍ മാറ്റപ്പെട്ടു.ഇപ്പോള്‍ കോറനേഷണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ അതു
നിലകൊള്ളുന്നു.

100 വര്‍ഷം മുമ്പ് ജോര്‍ജ് അഞ്ചാമന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ തന്നെ
ഒരു സ്മാരകം നിര്‍മ്മിക്കപ്പെട്ടത് കോട്ടയം ജില്ലയിലെ പൊന്‍ കുന്നത്തായിരുന്നു.
നാഷണല്‍ ഹൈവേ 220 യുടെ സമീപം രാജേന്ദ്ര മൈതാനിയില്‍ ഈ കിണര്‍
ഇന്നും നിലകൊള്ളുന്നു.പേരെഴുതിയ സ്മാരകശില അല്‍പം മാറി ചവിട്ടുകല്ലായി
നിലകൊള്ളുന്നു.

1895 ല്‍ പൊന്‍ കുന്നം മജിസ്റ്റ്രേഉറ്റ് ടി .പപ്പുപിള്ള ഒരു ചന്ത ഉല്‍ഘാടനം ചെയ്തു
പ്രദേശത്തിനു പൊന്‍ കുന്നം എന്നു പെരിട്ടപ്പോള്‍ കാലവണ്ടികളുടെ താവളം ആയി
നിര്‍മ്മിച്ച വണ്ടിപ്പേട്ട കിണര്‍ നിര്‍മ്മ്ക്കപ്പെട്ടതോടെ പുത്തന്‍ കിണര്‍ മൈതാനം ആയി.

1947 ജൂണില്‍ തിരുവനന്തപുരം പേട്ടയില്‍ സര്‍ സി.പിയ്ക്കെതിരെ നടന്ന സമരത്തില്‍
വെടിവയ്പ്പില്‍ രാജേന്ദന്‍ എന്ന പയ്യന്‍ മരിച്ചപ്പോള്‍ എറണകുളത്തോടൊപ്പം
പൊങ്കുന്നത്തും രാജേന്ദ്ര മൈതാനം പിറന്നു.ആധുനിക പൊന്‍കുന്നത്തിന്‍റെ പിതാവായ
വക്കീല്‍ ഏ.കെ പാച്ചുപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍
പി.ചന്ദ്രശേഖരപിള്ളയാണ് പുത്തന്‍ കിണര്‍ മൈതാനത്തിന് രാജേന്ദന്‍റെ പേര്‍
നിര്‍ദ്ദേശിച്ചത്.

Thursday, December 17, 2009

വിപ്ലവ കവി ദാമോദരന്‍

വിപ്ലവ കവി ദാമോദരന്‍
 
Posted by Picasa


മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത.
1914 ല്‍ പൊന്‍കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്‍റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
ദാമോദരന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.
പൊന്‍കുന്നം ദാമോദരന്‍ എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.
അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു ദാമോദരന്‍.

അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത് . പൊന്നാനി മുക്കുതലയില്‍ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.

മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,
രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍,
ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍
തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അമ്പതില്‍പരം കൃതികള്‍ രചിച്ചു.
വള്ളത്തോലിന്‍ റെ മഗദലനമറിയം ഇഷ്ടപ്പെടാതിരുന്ന
മുണ്ടശ്ശേരി ദാമോദരനെ കൊണ്ട് മറ്റൊരു കവിത
എഴുതിച്ചു."കവിത നന്നായി ദാമോദരാ" എന്നു വള്ളത്തോള്‍
സമ്മതിച്ചു എന്നു ചരിത്രം.

അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച
ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിച്ചതാണ് അടുത്ത കാലത്തു
നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ
"പച്ച പനംതത്തേ,പുന്നാര......"

1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.
മക്കള്‍ എല്ലാം സാഹിത്യ വാസനയുള്ളവര്‍.

എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.
എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.വല്‍സല,എം.ഡി ചന്ദ്രശേ ഖരന്‍ എന്നിവരും എഴുത്തുകാര്‍
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
ദാമോദരന്‍ റെ ഭാര്യ കുഞ്ഞ്ക്കുട്ടിയമ്മയും സാഹിത്യകാരി ആയിരുന്നു.
കുഞ്ഞിക്കുട്ടിയമ്മ പുസ്തകത്താളുകളില്‍ എഴുതിയെടുത്ത കവിതയാണ്
നോട്ടം സിനമയില്‍ ഗാനമായി പുനരവതരിച്ചത്.

1995 ല്‍ ഈ വിപ്ലവകവി കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.

കോട്ടയം ജില്ലയിലെ ചിറക്കടവു തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്‍റെ
നാമത്തില്‍ ഒരു വഴി ഉണ്ട്.
പൊന്‍കുന്നത്ത് പൊന്‍കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സംഘടനയും
അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.